ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം

ഭരണചരിത്രം

 

തളിക്കുളം പഞ്ചായത്ത് രൂപീകൃതമായത് 1962 ജനുവരി 1-നാണ്. തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഭരണസമിതി 1963 ജനുവരി 1-നും രണ്ടാമത്തേത് 1979 ഒക്ടോബര്‍ 1-നും ചുമതലയേറ്റു. പഴയ മലബാര്‍ ജില്ലയുടെ തെക്ക് ഭാഗത്ത് അറബിക്കടലിനോടു ചേര്‍ന്നു കിടക്കുന്ന ശരാശരി 3 കി. മീറ്ററോളം വീതിയുള്ള സമതലമാണ് ചേറ്റുവ മണപ്പുറം. ഇത് പഴയ പൊന്നാനി താലൂക്കില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു. ചേറ്റുവ മണപ്പുറത്ത് വടക്ക് നിന്ന് മൂന്നാമത് റവന്യൂ വില്ലേജായി തളിക്കുളം സ്ഥിതി ചെയ്യുന്നു. 1790-ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ചേറ്റുവ പ്രദേശം ഹൈദരാലിയില്‍ നിന്ന് പിടിച്ചെടുത്ത സമയത്ത് വാടാനപ്പിളളിനാട്ടികപള്ളിപ്പുറംഎടത്തിരുത്തികയ്പമംഗലംപാപ്പിനിവട്ടംപനങ്ങാട് എന്നീ റവന്യൂ വില്ലേജുകള്‍ ഉണ്ടായിരുന്നതായി ലോഗന്റെ മലബാര്‍ മാന്വലില്‍ പറയുന്നുണ്ട്.1881-ലെ കാനേഷുമാരി കണക്കനുസരിച്ച് മലബാര്‍ ജില്ലയുടെ തീരദേശത്തായിരുന്നു കൂടുതല്‍ ജനവാസം. ജില്ലയിലെ ജനസംഖ്യ ചതുരശ്ര നാഴികയ്ക്ക് ശരാശരി 272 ആയിരുന്നപ്പോള്‍ തീരപ്രദേശങ്ങളില്‍ അത് 974 ആയിരുന്നു. തളിക്കുളത്തെ സംബന്ധിച്ചും ജനസംഖ്യയുടെ ചിത്രം മറ്റൊന്നാവാന്‍ വഴിയില്ല. ഫലഭൂയിഷ്ടമായ സമതലംമത്സ്യബന്ധനത്തിനുള്ള സൌകര്യങ്ങള്‍, അറബികളെപ്പോലുള്ള വിദേശീയരുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങള്‍ മുതലായവയായിരിക്കാം തീരപ്രദേശത്ത് ജനസാന്ദ്രത വര്‍ദ്ധിക്കാനുള്ള കാരണം.

 

കാര്‍ഷിക ചരിത്രം

 

 

കനാല്‍

 

20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ രൂക്ഷമായ കടലാക്രമണം മൂലം തളിക്കുളത്തിന്റെ ഫലഭൂയിഷ്ഠമായ തീരപ്രദേശത്തിന്റെ വലിയൊരു ഭാഗം നഷ്ടപ്പെടാനിടയായിട്ടുണ്ട്. തളിക്കുളത്തെ പ്രധാന കൃഷി നെല്ലും തെങ്ങുമായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം മുഴുവനും ജന്മിമാരില്‍ നിക്ഷിപ്തമായിരുന്നു. ചെറുയേടത്ത്, പുറക്കോട്ട്കോങ്ങാട്ടില്‍, വട്ടപ്പിള്ളിനടുവിലേടത്ത് കൊല്ലാപറമ്പ് എന്നീ തറവാട്ടുകാരായിരുന്നു ഭൂമി കൈയ്യടക്കി വച്ചിരുന്നത്. അക്കാലത്ത് സാമൂതിരി കോവിലകത്തിന് തളിക്കുളം വില്ലേജില്‍ ധാരാളം ഭൂസ്വത്തുണ്ടായിരുന്നു. ഇവയുടെ നടത്തിപ്പിനും ഭരണത്തിനുമായി കോഴിക്കോട് തളിയില്‍ നിന്ന് സാമൂതിരിയുടെ സാമന്തന്‍മാരായി ഇവിടെയെത്തി സ്ഥിര താമസമാക്കിയവരാണ് ചെറിയേടത്ത് തറവാട്ടുകാര്‍.ജന്മിമാരില്‍ രണ്ടാം സ്ഥാനം പുറക്കോട്ട്കാര്‍ക്ക് ആയിരുന്നു. ആയിരം ഏക്കറോളം ഭൂമിയില്‍ സ്വന്തമായി നെല്ലും തെങ്ങും കൃഷി ചെയ്തിരുന്നതിനു പുറമെ ധാരാളം ഭൂമി പാട്ടമായും കാണമായും ഇവര്‍ ചാര്‍ത്തിക്കൊടുത്തിരുന്നു. മറ്റു ജന്മിമാര്‍ അവരുടെ ഭൂസ്വത്തില്‍ ഭൂരിഭാഗവും കുടിയാന്‍മാര്‍ക്ക് പാട്ടത്തിന് നല്‍കിയിരുന്നു.തദ്ദേശവാസികളായ ജന്മിമാര്‍ നെല്‍കൃഷിയുടെ പാട്ടം നെല്ലായിട്ടും കര ഭൂമിയുടേത് പണമായിട്ടും സ്വീകരിച്ചിരുന്നപ്പോള്‍ ദൂരപ്രദേശത്തുള്ള ജന്മിമാര്‍ നെല്‍കൃഷിയുടെ പാട്ടവും പണമായിട്ടാണ് കൈപ്പറ്റിയിരുന്നത്. ഈ പാട്ടത്തിന് പുറമെ പുറംവക എന്ന നിലയില്‍ മറ്റ് ചില അവകാശങ്ങളും വസൂലാക്കിയിരുന്നു. 1910-ല്‍ രജിസ്ട്രാക്കിയ ഒരു പാട്ടശീട്ടില്‍ നിന്ന് പ്രസക്തഭാഗങ്ങള്‍ ഉദ്ധരിക്കുന്നത് മേല്‍പറഞ്ഞ വസ്തുതകള്‍ വ്യക്തമാക്കാന്‍ സഹായിക്കും. “……… വെറും പാട്ടവകാശമായി നടന്നു വരേണ്ടും മേല്‍ പറഞ്ഞ പാട്ടത്തില്‍ 4 ക 12 അണ വീതം ധനു മുതല്‍ മീനം കൂടി നാല് അവധിയായി 19 ഉറുപ്പികയും 8 അണ നിലയുള്ള ഒരു വാഴക്കുല ചിങ്ങമാസത്തില്‍ ഓണത്തിനും അഞ്ചണ വിലയുള്ള 10 നാളികേരവും 11 അണ വിലയുള്ള 72 മടല്‍ മുടഞ്ഞ ഓലയും ധനുമാസത്തിലും കോട്ടത്തുകാവിലേക്കുള്ള 8 അണ മേട മാസത്തിലും മേലാല്‍ കൊല്ലംതോറും തന്ന് അതാത് സയമം അച്ചടി ഫോറം രശീതി വാങ്ങിച്ചിരിക്കേണ്ടതാണ്.പൊതുവെ നെല്‍കൃഷിക്ക് 3 മുതല്‍ 5 വരെ പാട്ടം ഈടാക്കിയിരുന്നു. ഗുണമേന്മ കുറഞ്ഞ നെല്‍കൃഷിസ്ഥലത്തിന് വിത്തിരട്ടി പാട്ടവും ഭൂമിയുടെ ഫലഭൂയിഷ്ടി അനുസരിച്ച് 1 പറ വിത്ത് വിതയ്ക്കുന്ന സ്ഥലത്തിന് 3,4,5 പറ നെല്ല് എന്നീ ക്രമത്തിലാണ് പാട്ടം നിശ്ചയിച്ചിരുന്നത്.

 

സാമൂഹിക ചരിത്രം

 

സാമ്പത്തിക രംഗത്തെ ചൂഷണത്തിനു പുറമെ സാമൂഹ്യരംഗത്തെ ഉച്ഛനീചത്വങ്ങളും അനാചാരങ്ങളും ഈഴവരുടേയും മൂക്കുവരുടേയും പട്ടികജാതിക്കാരുടേയും ജീവിതം ദുരിതപൂര്‍ണ്ണമാക്കി. അയിത്തംതൊട്ടുകൂടായ്മതീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങള്‍ മൂലം താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ സമൂഹത്തില്‍ നിന്ന് അന്യവത്കരിക്കപ്പെടുകയും വിദ്യാഭ്യാസത്തിനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയും ചെയ്തു.ജന്മി കുടുംബങ്ങളില്‍ നിന്ന് വളരെ അകലെയായിരുന്നു ഈ വിഭാഗക്കാരുടെ താമസം. ജന്മിമാര്‍ ഇവരുടെ മേല്‍ മതപരമായ ആധിപത്യവും നിലനിര്‍ത്തിയിരുന്നു. സവര്‍ണ്ണ ജന്മിമാരുടെ കുട്ടികള്‍ പഠിച്ചിരുന്ന സ്ക്കൂളികളില്‍ ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. കീഴ്ജാതിക്കാരായ സ്ത്രീകളെ മാറ് മറയ്ക്കാന്‍ അനുവദിച്ചിരുന്നില്ല. കാര്‍ഷിക രംഗത്തെ തൊഴിലാളികളില്‍ ഭൂരിഭാഗവും പട്ടികജാതിക്കാരായിരുന്നു. ഭൂവുടമകള്‍ക്ക് വേണ്ടി പണിയെടുക്കുന്നത് ഒരു സാമൂഹ്യ ബാധ്യതയായി കരുതിയിരുന്നു. ജന്മിമാരില്‍ നിന്നും കൈവശകൃഷിക്കാരില്‍ നിന്നും ഇവര്‍ക്ക് കടുത്ത മര്‍ദ്ദനവും പീഢനവും ഏല്‍ക്കേണ്ടിവന്നിരുന്നു. പട്ടികജാതിക്കാര്‍ പൂര്‍ണ്ണമായും ജന്മിമാരുടെ ഉടമസ്ഥതയ്ക്ക് കീഴിലായിരുന്നു. സ്വന്തമായി ഒരു മേല്‍വിലാസമില്ലാത്തത് ഇവരെ പുറക്കോട്ടെ പണിയില്‍, വട്ടപ്പിള്ളി പണിയില്‍ എന്നിങ്ങനെ ജന്മികുടുംബങ്ങളുടെ പേരിനോട് ചേര്‍ന്നാണ് വിശേഷിപ്പിച്ചിരുന്നത്. പ്രതിഫലം വാങ്ങി ഇവരുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.  കര്‍ഷകതൊഴിലാളികള്‍ക്ക് കൂലിയായി നല്‍കിയിരുന്നത് നെല്ലായിരുന്നു. 1942 ഓടുകൂടി രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് കൂലിയായി നെല്ല് നല്‍കുന്ന സമ്പ്രദായം അവസാനിപ്പിച്ച് പകരം പണം നല്‍കാന്‍ തുടങ്ങിയത്. പുരുഷന് 3 അണ (ഒരു അണ ഉറുപ്പികയുടെ 16-ല്‍ ഒന്ന്) യും സ്ത്രീകള്‍ക്ക് ഒന്നര അണയും ആയിരുന്നു കൂലി.ധനികരായ ഭൂവുടമകളില്‍ ചെറിയ ഒരു വിഭാഗം മുസ്ളീങ്ങളായിരുന്നു. മാളിയേക്കല്‍, ചിറക്കുഴിചന്ദനപറമ്പില്‍, സ്രാമ്പിയേക്കല്‍, പണിക്ക വീട്ടില്‍ എന്നിവരായിരുന്നു മുസ്ളീം സമുദായത്തിലെ സമ്പന്ന കൃഷിക്കാര്‍. ചെറുകിട കര്‍ഷകരും കച്ചവടക്കാരും വ്യാപാരികളും അവരുടെ കൂട്ടലുണ്ടായിരുന്നു. സാധാരണ മുസ്ളീങ്ങള്‍ പ്രായേണ ദാരിദ്രരായിരുന്നു. ചില്ലറ മത്സ്യവ്യാപാരംചുമട് ചുമക്കല്‍ എന്നീ തൊഴിലുകളിലാണ് പ്രധാനമായും അവര്‍ ഏര്‍പ്പെട്ടിരുന്നത്. അന്നുണ്ടായിരുന്ന സാമൂഹ്യ അനാചാരങ്ങളൊന്നും മുസ്ളീങ്ങളെ ബാധിച്ചിരുന്നില്ല.ക്രിസ്ത്യാനികള്‍ തളിക്കുളത്ത് വളരെ ചെറിയ ന്യൂനപക്ഷമായിരുന്നു. അവരില്‍ വന്‍കിട ഭൂവുടമളോ കൃഷിക്കാരോ ഉണ്ടായിരുന്നില്ല. എന്നാല്‍ അതേസമയം ചെറുകിട കൃഷിക്കാരും വ്യാപാരികളും ഉണ്ടായിരുന്നു. കൊപ്ര വ്യാപാരംഎണ്ണയാട്ടു വ്യവസായം എന്നിവയില്‍ അവര്‍ മാത്രമാണ് ഏര്‍പ്പെട്ടിരുന്നത്. തളിക്കുളത്തെ ക്രിസ്ത്യാനികള്‍ വാടാനപ്പള്ളി ഇടവകയില്‍ പെട്ടവരായിരുന്നു. അക്കാലത്തെ മറ്റു പ്രധാന തൊഴിലുകള്‍ ബീഡി തെറുപ്പും ചകിരി വ്യവസായവും ചെത്തുമായിരുന്നു. കനോലി കനാല്‍തീരത്തു താമസിക്കുന്ന നിരവധി ജനങ്ങള്‍ കയറുപിരി, തൊണ്ടുതല്ലല്‍ തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ട് ജീവിച്ചുപോന്നു. ധാരാളം തൊഴിലാളികള്‍ ബീഡി തെറുത്തിരുന്ന സ്ഥാപനമായിരുന്നു അക്കാലത്തെ രാജ ബീഡി കമ്പനി. കീഴ്ജാതിക്കാര്‍ക്കിടയില്‍ സാമൂഹ്യ മാറ്റത്തിനുള്ള ത്വര വര്‍ദ്ധിച്ചു വരുവാനുള്ള മറ്റൊരു കാരണം ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരമാണ്.തീണ്ടലും തൊട്ടുകൂടായ്മയും മാറ്റണമെങ്കില്‍ ഈഴവര്‍ തങ്ങളേക്കാള്‍ താണവരുമായി തുല്യത സ്ഥാപിക്കണമെന്ന ആശയവുമായാണ് സഹോദരന്‍ അയ്യപ്പന്‍ കടന്നു വന്നത്. 1917-ല്‍ ചെറായില്‍ വെച്ച് മിശ്രഭോജനം” സംഘടിപ്പിച്ചു. ഇതിന്റെ ചുവടുപിടിച്ച് കൈതയ്ക്കല്‍ പരിസരത്തുണ്ടായിരുന്ന സ്ക്കൂളില്‍ നടന്ന മിശ്രഭോജനം ഏറെ കോളിളക്കം സൃഷ്ടിച്ചു. ഈ കാലഘട്ടം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടേതായിരുന്നു. കാര്‍ഷിക വിഭവങ്ങളുടെ വിലയിടിഞ്ഞു. നൂറു നാളികേരത്തിന്റെ കൂടിയ വില ഒന്നേമുക്കാല്‍ രൂപയായിരുന്നു.പലകൃഷിക്കാര്‍ക്കും പാട്ടം തീര്‍ക്കാനാവാതെ കൈവശഭൂമി നഷ്ടപ്പെട്ടു. പഴയ ധനിക കൃഷിക്കാര്‍ പോലും കടക്കെണിയില്‍ പെട്ടു പാപ്പരായി. കണ്ടശ്ശാംകടവ് ക്രിസ്ത്യന്‍ പളളി നടത്തിയിരുന്ന ചിട്ടിയില്‍ കുടിശ്ശിക വന്നതുമൂലം തളിക്കുളത്തെ നിരവധി കര്‍ഷകരുടെ വസ്തുവകകള്‍ പള്ളിയുടേതായി തീര്‍ന്നു. ഈ കാലഘട്ടത്തില്‍ മദിരാശി ഗവണ്‍മെന്റ് പാസാക്കിയ കടാശ്വാസ നിയമമാണ് കൃഷിക്കാരെ കടക്കെണിയില്‍ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടുത്തിയത്.വില്ലേജിനെയാകെ നാശത്തിലാഴ്ത്തികൊണ്ട് 1941-ല്‍ കൊടുങ്കാറ്റു വീശുകയുണ്ടായി. കാര്‍ഷിക വിളകള്‍ക്ക് വമ്പിച്ച നാശനഷ്ടം സംഭവിച്ചു. ജനങ്ങള്‍ ദുരിതത്തില്‍ നിന്നും ദുരിതത്തിലേക്ക് കൂപ്പുകുത്തി. നാടെങ്ങും പട്ടിണി നടമാടി. കൊച്ചിയില്‍ നിന്നും അരി, പഞ്ചസാരപരിപ്പ് മുതലായ സാധനങ്ങള്‍ കയറ്റി വന്ന ഒരു വലിയ വള്ളം മുറ്റിച്ചൂര്‍ കടവിന്റെ പരിസരത്തു വെച്ച് ജനങ്ങള്‍ തടഞ്ഞുനിര്‍ത്തി സാധനങ്ങള്‍ പിടിച്ചെടുത്തു. ഇതിനെതുടര്‍ന്ന് അതിക്രൂരമായ പോലീസ് മര്‍ദ്ദനം തളിക്കുളത്ത് നടമാടി.സമഗ്രമായ  ഭൂപരിഷ്ക്കരണ ഭേദഗതി നിയമം 1967-ല്‍ സര്‍ക്കാര്‍ പാസാക്കി. 1970 ജനുവരി 1 മുതല്‍ ഈ നിയമം നിലവില്‍ വന്നു. ഇത് കാര്‍ഷിക രംഗത്ത് വളരെ മാറ്റം കുറിച്ച ഒരു നിയമമാണ്. നിയമം പ്രാബല്യത്തില്‍ വന്നതോടുകൂടി കേരളത്തില്‍ ജന്മിത്വം അവസാനിച്ചു. കൈവശ കുടിയാന്‍മാര്‍ ഭൂമിയുടെ ഉടമസ്ഥരായി മാറി. കുടികിടപ്പുകാര്‍ക്കും അവര്‍ താമസിക്കുന്ന സ്ഥലത്ത് 10 സെന്റ് ഭൂമി ലഭിച്ചു. ഇത് പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിനുവേണ്ടി തളിക്കുളത്ത് ശക്തമായ പ്രക്ഷോഭം നടന്നു